കോങ്സ്ബര്‍ഗ്: നോര്‍വേയില്‍(Norway) അഞ്ചു പേരെ അമ്പെയ്തു കൊന്ന് അക്രമി. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോങ്സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകുന്നേരം ആറുമണിക്കായിരുന്നു ആക്രമണം നടന്നത്. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അവധിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു.
ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഭീകരാക്രമണമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ അക്രമണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.