ജിദ്ദ: 2021 ഒക്ടോബർ 10 ഞായറാഴ്ച മുതൽ തവക്കൽന ആപ്ലിക്കേഷനിൽ രണ്ട് ഡോസ് വാക്സിനെടുത്തതായി കാണിക്കുന്നവർക്ക് മാത്രമായിരിക്കും യാത്രക്ക് അനുമതിയെന്ന് അൽഹറമൈൻ റെയിൽവേ വ്യക്തമാക്കി. ഞായറാഴ്ച മുതൽ ട്രെയിനുകളിൽ യാത്ര ചെയ്യാനോ അനുബന്ധ സ്ഥാപനങ്ങളിൽ പ്രവേശിക്കാനോ രണ്ട് ഡോസ് വാക്സിനെടുത്തിരിക്കൽ നിർബന്ധിത വ്യവസ്ഥയായിരിക്കുമെന്ന് സൗദി റെയിൽവേ കമ്പനി (സാർ) വ്യക്തമാക്കിയതിനെ തുടർന്നാണിത്. ഞായറാഴ്ച രാവിലെ ആറ് മണി മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. മുഴുവൻ യാത്രക്കാരും ആരോഗ്യമന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുേത്തായെന്ന് ഉറപ്പുവരുത്തുമെന്നും ഇൗസ്റ്റ്, വെസ്റ്റ്, അൽഹറമൈൻ എന്നീ മൂന്ന് റെയിൽവേ നെറ്റ്വർക്കുകളുകളിലെ പൊതുഗതാഗതം ഉപയോഗിക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധിത വ്യവസ്ഥയായിരിക്കുമെന്നും സൗദി റെയിൽവേയും ട്വിറ്ററിലൂടെ വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് തീരുമാനം. തവക്കൽന ആപ്ലിക്കേഷനിൽ ഒക്ടോബർ 10നുശേഷം വാക്സിൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമെന്ന് അടുത്തിടെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്സിൻ രണ്ട് ഡോസ് എടുത്തവർ മാത്രമായിരിക്കും വാക്സിനെടുത്തവരെന്ന സ്റ്റാറ്റസിലുൾപ്പെടുക. ആദ്യഡോസ് സ്വീകരിച്ചവരോ കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചവരോ വാക്സിനെടുത്തവരുടെ ഗണത്തിലുൾപ്പെടുകയില്ലെന്ന് സൂചിപ്പിച്ചിരുന്നതായും സൗദി റെയിൽവേ പറഞ്ഞു.