ന്യൂഡൽഹി: സർക്കാരിൽനിന്ന് സഹായധനം ലഭിക്കുക എന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സഹായം നിബന്ധനകൾക്കു വിധേയമാണ്. അത് പിൻവലിക്കാൻ സർക്കാർ നയതീരുമാനമെടുത്താൽപ്പോലും ചോദ്യംചെയ്യൽ സ്ഥാപനങ്ങളുടെ അവകാശമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇന്റർമീഡിയറ്റ് വിദ്യാഭ്യാസ നിയമത്തിൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന 101-ാം റെഗുലേഷൻ ഭരണഘടനാവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഉത്തർപ്രദേശ് സർക്കാർ നൽകിയ അപ്പീൽ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി.
എയ്ഡഡ് സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, അതിൽ ന്യൂനപക്ഷ, ന്യൂനപക്ഷേതര സ്ഥാപനങ്ങളെന്ന വ്യത്യാസമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിന് അതിന്റേതായ നിയന്ത്രണങ്ങളുമുണ്ട്. സർക്കാരിന്റെ നയതീരുമാനം അങ്ങേയറ്റം ഏകപക്ഷീയമല്ലെങ്കിൽ അതിൽ ഇടപെടാതിരിക്കുകയാണ് ഭരണഘടനാ കോടതി ചെയ്യേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.