ചണ്ഡിഗഢ്: പഞ്ചാബിൽ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. പുതിയ ആറ് പേരടക്കം 15 മന്ത്രിമാരാണ് ചരൺജിത് സിംഗ് ചന്നി മന്ത്രി സഭയിൽ ഉള്ളത്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാർക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലി കൊടുത്തു. ബ്രഹ്ം മൊഹീന്ദ്ര പുതിയ സ്പീക്കറാകും.
അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ അംഗമായിരുന്ന റാണാ ഗുരുജീത്ത് സിങും പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചാബിലെ ഏറ്റവും ധനികനായ എം.എല്‍.എമാരില്‍ ഒരാളായ റാണാ ഗുരുജീത്തിനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. റാണാ ഗുരുജീത്തിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന് കത്തെഴുതിയട്ടുണ്ട്.
അതേസമയം ക്യാപ്റ്റൻ പക്ഷത്തു നിന്നും നവജ്യോത് സിംഗ് സിദ്ദുവിനോപ്പം ചേർന്ന മൻപ്രീത് സിംഗ് ബാദൽ മന്ത്രി സഭയിൽ തുടരും. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അവസാന നിമിഷം രാഹുൽ ഗാന്ധിയുമായി വിഡിയോ കോൺഫറൻസിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്.
സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കകം നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയിലെ ഈ അഴിച്ചുപണി. പുറത്താക്കപ്പെട്ട മന്ത്രിമാര്‍ക്കിടയില്‍ അസ്വാരസങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.