ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശിലെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ഇന്ന് അർധ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. പരമാവധി വേഗം മണിക്കൂറിൽ 95 കിലോമീറ്ററാകാനാണ് സാധ്യത.
മൂന്ന് സംസ്ഥാനങ്ങളെയാണ് ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സംഘത്തെ വിന്യസിച്ചു. ആര്‍മി, വ്യോമ സേനകളെയും സജ്ജമാക്കിയിട്ടുണ്ട്.
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 27 മുതൽ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ ബീച്ചുകള്‍ അടച്ചു. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കൊങ്കണ്‍ തീരത്തും കനത്ത മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ഗുലാബ് ചുഴലിക്കാറ്റ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. ആന്ധ്ര മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.
അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി.
കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
the cloud bands have touched coastal regions and thus the landfall process has commenced over north coastal Andhra Pradesh and adjoining south coastal Odisha. System will cross coasts between Kalingapatnam & Gopalpur, about 25 km to north of Kalingapatnam during next 3 hours.
— India Meteorological Department (@Indiametdept) September 26, 2021