ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഡി രാജ പ്രതികരിച്ചു.
എവിടെ നിന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നതെന്നറിയില്ല. തീര്‍ത്തും അടിസ്ഥാനരഹിതമാണത്. ഏതാനും ദിവസം മുമ്പ് കനയ്യ എന്നെ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് തന്നെ കണ്ടിരുന്നതായും ഈ റിപ്പോര്‍ട്ടുകളിലൊന്നും തന്നെ ഒരു വാസ്തവവുമില്ലെന്ന് പറഞ്ഞെന്നും ഡി രാജ വ്യക്തമാക്കി.
കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡി രാജയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.
എന്നാല്‍ കനയ്യകുമാറും ജിഗ്നേഷ് മേവാനിയും അടുത്ത ആഴ്ച തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാര്‍ട്ടിയുടെ ഭാഗമാകുന്നത്. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരും. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.