ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് മുന്നോടിയായി കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയ കേന്ദ്രമന്ത്രിയെ ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി യൂണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ഗെയിംസ് മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാരും കേന്ദ്ര യുവജനകാര്യ- കായിക വകുപ്പും നല്‍കുന്ന പിന്തുണയ്ക്ക് യൂണിവേഴ്സിറ്റി ചാന്‍സിലര്‍ നന്ദി രേഖപ്പെടുത്തി. ദേശിയ അന്തര്‍ദേശിയ തലങ്ങളില്‍ വിവിധ കായിക വിഭാഗങ്ങളിലായി വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയെന്ന ജെയിന്‍ യൂണിവേഴ്സിറ്റിയുടെ പ്രധാന വീക്ഷണം കൂടിക്കാഴ്ചയില്‍ ചാന്‍സിലര്‍ പങ്കുവെച്ചു. രാജ്യത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ യൂണിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ്, നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന്‍സ്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രാദേശിക കേന്ദ്രം എന്നിവ മികച്ച പിന്തുണയും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുമാണ് നല്‍കുന്നതെന്നും പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഒളിമ്പ്യന്‍ അധിതി അശോക്, ശ്രീഹരി നടരാജ് എന്നിവര്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണെന്നതില്‍ സന്തോഷം പ്രകടിപ്പിച്ച മന്ത്രി മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ യൂണിവേഴ്സിറ്റിയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.