അൽഅഹ്സ: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ നെസ്റ്റോ ഗ്രൂപ് ആഘോഷിക്കുന്നു. നെസ്റ്റോ ഹൈപർമാർക്കറ്റിൻ്റെ അൽഅഹ്സ ബ്രാഞ്ചിലാണ് സ്വദേശി പൗരന്മാരുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടക്കുക.
ദേശീയ ഗാനാലാപന മത്സരത്തോടുകൂടി തുടങ്ങുന്ന ആഘോഷപരിപാടികളിൽ സ്വദേശി കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതവിരുന്നും കലാ കൂട്ടായ്മയായ അൽഅഹ്സ സ്റ്റാർസിലെ മലയാളി കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത ദൃശ്യവിരുന്നും മറ്റു കലാപരിപാടികളും പ്രധാന ആകർഷണങ്ങളായിരിക്കും.
സൗദി അറേബ്യയുടെ ചരിത്രം ആസ്പദമാക്കി ചോദ്യോത്തര മത്സരവും സൗദി പരമ്പരാഗത വസ്ത്രധാരണ മത്സരവും നടക്കും. ദേശീയ ദിനത്തിൻ്റെ തലേദിവസമായ ബുധനാഴ്ച വൈകീട്ട് ഏഴ് മുതൽ നെസ്റ്റോ അൽഅഹ്സ കാർപാർക്കിങ് ഗ്രൗണ്ടിലാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിൽ നടത്തുന്ന മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നെസ്റ്റോ അൽഅഹ്സ കസ്റ്റമർ കെയറിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിശയിപ്പിക്കുന്ന വിലക്കുറവിൽ സൗദി ഉൽപന്നങ്ങൾക്ക് പ്രത്യേക പ്രമോഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
91 റിയാൽ നിരക്കിൽ പ്രത്യേക കോംബോ പാക്ക് ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. നിത്യോപയോഗ സാധനങ്ങൾ പരമാവധി വിലകുറച്ച് ലഭിക്കത്തക്ക രീതിയിലാണ് പ്രമോഷൻ സജ്ജമാക്കിയിരിക്കുന്നതെന്നും സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതെന്നും നെസ്റ്റോ ഗ്രൂപ് റീജനൽ മാനേജർ മുഹ്സിൻ ആരാമം അറിയിച്ചു.