തിരുവനന്തപുരം: പാല ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നാടിന്റെ മതനിരപേക്ഷത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷവും അതിൽനിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കരുത്. അഭിചാരപ്രവർത്തിയിലൂടെ വശീകരിക്കാൻ കഴിയുമെന്ന് പറയുന്നത് പഴയകാലത്തെ രീതിയാണ്. അതൊന്നും ഇപ്പോ നാട്ടിൽ ചെലവാകില്ല. ഏത് വിഷയവും പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. ചർച്ചയുടെ സാധ്യത ആരായേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യഥാർഥ മാഫിയ ലഹരിമാഫിയയാണ്. ലോകത്ത് തന്നെ ചില സർക്കാരുകളേക്കാളും ശക്തമാണ് ലഹരിമാഫിയ. മാഫിയയെ മാഫിയായിട്ടാണ് കാണേണ്ടത്. അതിന് മത ചിഹ്നം നൽകാൻ പാടില്ല. അതാണ് അതിന്റെ ഭാഗമായി കാണേണ്ട കാര്യമില്ല.
ഈ സമൂഹത്തിൽ വർഗീയ ചിന്തയോടെ നീങ്ങുന്ന വൻകിട ശക്തികൾ ദുർബലമായി വരികയാണ്. അവർക്ക് ആരെയെങ്കിലും ചാരാൻ ഒരൽപം ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസ്സിലാക്കാണം എന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാനുള്ളൂ. ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയുടെ സാധ്യത സർക്കാർ പരിശോധിക്കും.
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവരെ കർശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവൻ അംഗങ്ങളുടെ കാര്യങ്ങൾ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധരണ ഗതിയിൽ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നിൽ ആരാണോ സംസാരിക്കുന്നത് അവർ ഒരഭ്യർത്ഥന നടത്തും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതിൽ ആരും തെറ്റ് കാണുന്നില്ല. എന്നാൽ അത്തരം സന്ദർഭത്തിൽ ഇതരെ മതത്തെ അവഹേളിക്കുന്ന രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.