തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിനടുത്തായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ട പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ പെയ്യും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കാലവർഷം സജീവമാകുന്നത്. ബുധനാഴ്ച വരെ മഴ തുടരും.

















