കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വമാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തീരുമാനിച്ചത്.
പി.എച്ച്. ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. വനിതാകമ്മീഷനിൽ പരാതി നൽകിയ പത്തുപേരേയും ഒഴിവാക്കിയിട്ടുണ്ട്. വനിതാ കമ്മിഷന് നൽകിയ പരാതിയിൽ ഒപ്പിടാത്ത ഏക അംഗമാണ് ഹരിതയുടെ ട്രഷറർ ആയിരുന്ന ആയിശ ബാനു.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരേ സംസ്ഥാന വനിതാകമ്മീഷനു പരാതി നൽകിയതിന്റെ പേരിലായിരുന്നു ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിംലീഗ് പിരിച്ചു വിട്ടത്. പരാതി വിൻവലിക്കാനുള്ള മുസ്ലിംലീഗിന്റെ നിർദേശം ഹരിത തള്ളുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയതോടെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ എംഎസ്എഫിന്റെ വനിതാവിഭാഗമായ ഹരിതയുടേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് നിർവാഹകസമിതിയോഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.
ഭാരവാഹിപ്പട്ടിക
പ്രസിഡന്റ് – ആയിശ ബാനു പി.എച്ച് (മലപ്പുറം).
വൈസ് പ്രസിഡന്റുമാര്‍ -നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസര്‍കോട്), അയ്ഷ മറിയം (പാലക്കാട്).
ജനറല്‍ സെക്രട്ടറി-റുമൈസ റഫീഖ് (കണ്ണൂര്‍).
സെക്രട്ടറിമാര്‍- അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം),അഖീല ഫര്‍സാന (എറണാകുളം).
ട്രഷറര്‍- നയന സുരേഷ് (മലപ്പുറം)