കോഴിക്കോട്: എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ അംഗങ്ങൾ ഉയർത്തിയ ലൈംഗികാധിക്ഷേപം അടക്കമുള്ള വിഷയങ്ങളിൽ ലീഗ് നിലപാട് കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ജനാധിപത്യം ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും ചെന്ന് നിൽക്കാൻ സാധിക്കാത്ത ഇടമായി മുസ്ലിം ലീഗ് മാറിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റഹീം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പോലും സംഘടനയെ കൈവിടുന്ന സ്ഥിതിയാണ്. അറുപഴഞ്ചൻ ആശയങ്ങളുടെ തടവറയിലാണ് ലീഗെന്നും റഹീം ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും മുസ്ലീം ലീഗ് മാറ്റത്തിന് തയ്യാറാകണമെന്നും റഹിം പ്രതികരിച്ചു.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് ഹരിതയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകി. ഇതിന് പിന്നാലെ വിഷയം വിവാദമാവുകയും ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മുസ്ലീംലീഗ് മരവിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടിയിട്ടുണ്ട്. എംഎസ്എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ പാർട്ടി നിർദേശം. പികെ നവാസ്,കബീർ കുത്തുപറമ്പ്,വി എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്.

















