മലപ്പുറം: എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിതയോട് മുസ്ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. സ്വാഭാവിക നീതി ഹരിതക്ക് ലഭിച്ചില്ല. എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും തഹ്ലിയ പറഞ്ഞു. പരാതി നൽകിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. ‘ഹരിത’ മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നു എന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു.
പാർട്ടി വേദിയിലല്ലാതെ മറ്റെവിടെയും പരാതി ഉന്നയിച്ചിട്ടില്ല. പാർട്ടിയിൽ നിന്നുള്ള പരിഹാരം താമസിച്ചപ്പോഴാണ് വനിത കമ്മീഷനെ സമീപിച്ചത്. പ്രയാസത്തോടെയാണെങ്കിലും വനിത കമ്മീഷനിൽ പരാതി നൽകേണ്ട സാഹചര്യമുണ്ടായി. ഹരിത മുസ്ലിം ലീഗിന് ബാധ്യതയാണെന്ന് വരെ വിമർശനമുയർന്നു. ഇത്തരം പരാമർശങ്ങൾ വേദനിപ്പിച്ചു. വനിതകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന പ്രചാരണം അംഗീകരിക്കാനാവില്ലെന്നും തഹ്ലിയ പറഞ്ഞു.
മുസ്ലീം ലീഗ് അന്ത്യ ശാസനം നൽകിയിട്ടില്ല. പാർട്ടിയിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വനിതാ കമ്മീഷന് മുൻപിൽ പോയത്. വനിത കമ്മീഷന് പരാതി നൽകിയതിൽ അച്ചടക്ക ലംഘനം ഇല്ല. കമ്മീഷന് മുന്നിൽ പോയത് തെറ്റ് എന്ന് ഒരു ലീഗ് നേതാവും പറയില്ല. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയവർക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതിൽ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയിൽ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു.
ഹരിതക്കെതിരായ നടപടിയിൽ സങ്കടമുണ്ട്. സങ്കടം പാർട്ടിയെ അറിയിക്കും. പ്രശ്നങ്ങൾ തുടർന്നും പാർട്ടിയിൽ വേദിയിൽ ഉന്നയിക്കും. പരാതി പറഞ്ഞവർക്കൊപ്പമാണ് പാർട്ടിയിൽ താൻ നിലകൊള്ളുക. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
ഹരിതയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ഫാത്തിമ . മുസ്ലിം ലീഗ് നേതൃത്വവും എംഎസ്എഫ് നേതാക്കളും പറഞ്ഞ ന്യായീകരണങ്ങളൊക്കെ തള്ളിയാണ് ഫാത്തിമ മാധ്യമങ്ങളോട് സംസാരിച്ചത്. ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തോട് എതിർപ്പ് ലീഗിനെ അറിയിച്ചിട്ടുണ്ട്.

















