കണ്ണൂർ: കണ്ണൂരിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. ഇന്ന് പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.
മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്റാൻ വരെ എത്തിയെന്നാണ് എൻഐഎ പറയുന്നത്. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകി. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ പറയുന്നു.
ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്. ഡൽഹിയിൽ നിന്നെത്തിയ എൻഐഎ സംഘം ഇന്ന് അതിരാവിലെ രഹസ്യമായാണ് കണ്ണൂർ താണയിലെ വീട്ടിൽ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ ട്രാൻസിറ്റ് കസ്റ്റഡിയിൽ വാങ്ങി.
ഏഴു മലയാളികൾ ഇൻസ്റ്റാഗ്രാം , ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഐഎസ് ആശയപ്രചരണം നടത്തിയെന്നാണ് യുഎപിഎ പ്രകാരമുള്ള കേസ്. കഴിഞ്ഞ മാർച്ച് 15ന് കണ്ണൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളിൽ എൻഐഎ റെയിഡ് നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.

















