മലപ്പുറം: ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്ലീംലീഗ് നടപടിയിൽ അതൃപ്തി അറിയിച്ച് കെ ടി ജലീൽ. ഹരിത കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ച നടപടി ദൗർഭാഗ്യകരം. പരാതി പിൻവലിക്കണമെന്ന ലീഗിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
അതേസമയം ഹരിത കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ച മുസ്ലീംലീഗ് എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടിയിരിക്കുകയാണ്. എംഎസ്എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് പാർട്ടി നിർദേശം. പികെ നവാസ്,കബീർ കുത്തുപറമ്പ്,വി എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിൻ്റെ നടപടി.
അതേസമയം, എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്

















