കോഴിക്കോട്: മുസ്സിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ലൈംഗിക ചുവയുള്ള സംസാരത്തിന് 354(A) വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഹരിത നേതൃത്വത്തെ മുസ്ലിം ലീഗ് നേതൃത്വം മരവിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവർക്കെതിരെ കേസെടുത്തത്. എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ മുസ്ലിം ലീഗിനും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. പരാതി പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഹരിതയെ മരവിപ്പിച്ചത്.
സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. ആദ്യം ലീഗ് നേതൃത്വം പരാതി അവഗണിച്ചതോടെ ഹരിതയിലെ 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കൾ ആരോപിച്ചതിരുന്നു. ഇതേ സംഭവത്തിലാണ് പൊലീസിലും പരാതി നൽകിയത്.

















