ന്യൂഡല്‍ഹി: കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ തീവ്രവ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ 86 ഡെല്‍റ്റ പ്ലസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍.ഡി.സി ഡയറക്ടര്‍ എസ്.കെ.സിങ്ങാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
അതേസമയം, ഡെല്‍റ്റ വകഭേദം വലിയ രീതിയില്‍ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ട്. മേയില്‍ വലിയ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡെല്‍റ്റ വകഭേദമാണ് പല രാജ്യങ്ങളിലും ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ വ്യക്തമാക്കി.
രാജ്യത്തെ 37 ജില്ലകളില്‍ കോവിഡ് വ്യാപനം ഉയരുകയാണ്. ഇത് നിയന്ത്രണവിധേയമാക്കണമെന്ന് ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ആറ് വയസിന് മുകളിലുള്ള 68 ശതമാനം ആളുകള്‍ക്ക് കോവിഡ് ആന്‍റിബോഡിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം രണ്ടാം തരംഗത്തിന്‍റെ അത്ര തീവ്രതയില്‍ മൂന്നാം തരംഗം പടരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
മൂന്നാം തരംഗമുണ്ടായാല്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടേയും എണ്ണം കുറവായിരിക്കും. വാക്സിനേഷന് കൂടി കാര്യക്ഷമമാകുന്നതോടെ കൂടുതല്‍ മികച്ച രീതിയില്‍ കോവിഡ് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധനകാര്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജൂലൈ അവസാനത്തോടെ രാജ്യത്തെ കോവിഡ് രോഗികളിലുണ്ടായ നേരിയ വര്‍ധന ആശങ്കകള്‍ക്ക് കാരണമായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമായി ഉയര്‍ന്നതും കടുത്ത ആശങ്കക്ക് കാരണമായിരുന്നു. ഇതിനിടെയാണ് മൂന്നാം തരംഗമുണ്ടായാലും തീവ്രത കുറവായിരിക്കുമെന്ന റിപ്പോര്‍ട്ട് ധനകാര്യമന്ത്രാലയം പുറത്ത് വിടുന്നത്.
















