ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അടച്ചിട്ട സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്കൂള്‍ തുറക്കുന്നതെന്ന് ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു.
പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്.
അതേസമയം, കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. മഹാരാഷ്ട്രയിൽ ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ്മുതലും നഗരങ്ങളിൽ എട്ടാം ക്ലാസ് മുതലും ആഗസ്റ്റ് 17 മുതൽ ആരംഭിക്കും. പഞ്ചാബിൽ പത്തു മുതൽ 12 വരെയുള്ള ക്ലാസുകൾ ജൂലൈ 26ന് ആരംഭിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്.
















