ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചടങ്ങില്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും പങ്കെടുക്കും.
പദ്ധതി മുഖേന രാജ്യത്തെ 9.75 കാര്‍ഷിക കുടുംബങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുക. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്.