കോട്ടയം: നാദിര്‍ഷായുടെ പുതിയ ചിത്രം ‘ഈശോ’യ്ക്ക് എതിരേ ഭീഷണിയുമായി പി സി ജോര്‍ജ്. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഈ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന് നാദിര്‍ഷാ വിചാരിക്കേണ്ടെന്നുമാണ് പി സി ജോര്‍ജ് ഭീഷണി മുഴക്കിയിരിക്കുന്നത്.
സിനിമയ്ക്കെതിരെ കേരളം മുഴുവൻ പ്രചാരണം നടത്തും. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങൾ എല്ലാം ക്രിസ്ത്യാനികൾ ആണെന്നും ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഇവിടെ ഉണ്ടെന്നും പി സി ജോർജ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പി.സി. ജോർജിന്റെ വാക്കുകൾ,
‘‘ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഉണ്ട്. ഇപ്പോൾ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങൾ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പരാതികൾ കുറച്ച് നാളുകളുമായി എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ഞാൻ ഇപ്പോൾ സിനിമകൾ കാണാൻ തുടങ്ങിയിരിക്കുന്നു.
കേരളത്തിൽ ഏറ്റവും വലിയ സാംസ്കാരികമൂല്യങ്ങൾക്ക് വിലകൽപിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ഇവർ ചെയ്തു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളം. നാദിർഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല,അതിപ്പോൾ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എംഎൽഎ അല്ലാത്തതിനാൽ ധാരാളം സമയം കിട്ടുന്നുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ. ഈ പേരിൽ സിനിമ ഇറക്കാമെന്ന് നാദിർഷ വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദർശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല. ഇതിനെതിരെ കേരളം മുഴുവൻ ഞാൻ ഇറങ്ങും’-പി.സി ജോര്‍ജ്ജ് പറഞ്ഞു