തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംവിധാനം പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തെരയുന്നതിനുള്ള ഓപ്ഷന് പോര്‍ട്ടലിലുണ്ട്.
സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്കിയാല് പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണങ്ങളുടെ, ഡിഎംഒ. നല്കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്. നിലവില്‍ 22.07.2021 വരെയുള്ള മരണങ്ങള് ലഭ്യമാണ്.