കൊട്ടാരക്കര : വനിതാ സെല്ലിൽ സബ്ബ് ഇൻസ്പെക്ടർമാർ തമ്മിൽ ഏറ്റുമുട്ടൽ . കൈയ്ക്കു പരിക്കേറ്റ എസ്.ഐ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സീനിയോറിറ്റിയെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിനു കാരണമായത്.
പലപ്പോഴും ഇതേച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നതായി സഹപ്രവർത്തകർ പറയുന്നു. കൂടാതെ ഒരാൾക്കെതിരേ മറ്റൊരാൾ ഡി.ജി.പി.ക്ക് പരാതിയും നൽകിയിരുന്നു. പരാതിക്കാരോട് മോശമായി പെരുമാറുന്നു, ക്രമക്കേടുകൾ കാട്ടുന്നു തുടങ്ങിയവ ആയിരുന്നു പരാതിയിലെ ആരോപണങ്ങൾ.കഴിഞ്ഞ ദിവസം വാക്കുതർക്കം കൈയാങ്കളിയിലേക്കു കടക്കുകയായിരുന്നു. തുടർന്നുണ്ടായ മൽപ്പിടിത്തത്തിനിടെ സെൽ ചുമതലയുള്ള എസ്.ഐ.യുടെ കൈയ്ക്കു പരിക്കേൽക്കുകയായിരുന്നു.