തിരുവനന്തപുരം : വാരാന്ത്യ ലോക്ക് ഡൗണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ നാളെ സര്‍ക്കാര്‍ മാറ്റം വരുത്താനിരിക്കെ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരളഘടകം. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യയനം ആരംഭിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
18ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വാക്സിന് നല്കിയ ശേഷം വേണം അദ്ധ്യയനം ആരംഭിക്കാന്‍. 18ന് താഴെ പ്രായമുള്ളവര്‍ക്കും വാക്സിന് നല്‍കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുകയും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐ.എം.എ നിര്‍ദ്ദേശിക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി വിപുലമായ സീറോ സര്‍വേക്ക് തയ്യാറാണെന്നും ഐ.എം.എ വ്യക്തമാക്കി. നിലവില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് സിറോ സര്‍വേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം. കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കണമെന്നും ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
വാക്സിന് വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്സിന് വിതരണം പലയിടത്തും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സിന് കൊടുക്കന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐ.എം.എ ആരോപിച്ചു. ചെറുകിട ആശുപത്രികള്‍ക്ക് അടക്കം വാക്സിന് വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ഐിഎം.എ നിര്‍ദ്ദേശിച്ചു.