ആലപ്പുഴ: വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും. അടിയന്തര ചികിത്സകളില്‍ ഒഴികെ ഒപി, കൊവിഡ് വാക്സിനേഷന്, പരിശോധന അടക്കമുളള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവര്‍ത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി.
അതേസമയം, കഴിഞ്ഞ 24നാണ് കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശപ്രകാരമെത്തിയ 10 പേര്‍ക്ക് കൂടി വാക്സീന് നല്കാന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആവശ്യം ഡോക്ടര്‍ അംഗീകരിച്ചില്ല. വാക്സിന് കിടപ്പുരോഗികള്‍ക്കായി മാറ്റിവച്ചതാണെന്നും നല്‍കാനാകില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് നേതാക്കള്‍ തന്നെ മര്‍ദ്ദിച്ചതെന്നാണ് ഡോക്ടറുടെ പരാതി. കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കല്‍ സെക്രട്ടറിയുമായ രഘുവരന് എന്നിവര്‍ ഒളിവില്‍ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല.