ന്യൂ ഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ വാക്സിനായ കോവാക്സിന് ഫലപ്രദമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. പുതുതായി നടത്തിയ പഠനത്തിലാണ് കോവാക്സിന് ഫലപ്രദമെന്ന് തെളിഞ്ഞത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്സിന് വികസിപ്പിച്ചത്.
അതേസമയം, ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റിന്റെ പരിവര്‍ത്തനം വന്ന രൂപമാണ് ഡെല്‍റ്റ പ്ലസ്. വര്‍ദ്ധിച്ച സംക്രമണക്ഷമതയാണ് ഇതിന്റെ സവിശേഷത. അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,95,358 ആയി ഉയർന്നു. നിലവില്‍ 4,13,718 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.24 മണിക്കൂറിനിടെ 422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയി ഉയര്‍ന്നു.
പുതിയതായി 36,946 പേര് രോഗമുക്തരാകുകയും ചെയ്തു.ആകെ കോവിഡ് മുക്തരുടെ എണ്ണം 3,08,57,467 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 17,06,598 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.