സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാൻ സൗദി ഭരണകൂടം ഒരുങ്ങുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിംഗ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനം. സ്വദേശിവല്‍ക്കരണം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിബന്ധന ബാധകമാക്കിയത്.
ഓപ്പറേഷന്‍സ്, മെയിന്റനന്‌സ് കമ്പനികളിലെ ഉന്നത തസ്തികകളില്‍ അമ്പത് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. എഞ്ചിനിയറിംഗ് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ സ്വദേശി അനുപാതം മുപ്പത് ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ജോലി ഒഴിവുകള്‍ നാഷണല്‍ ഗേറ്റ് വേ ഓഫ് ലേബര്‍ പോര്‍ട്ടലായ താഖത്തില്‍ പ്രസിദ്ധീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.