ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലാണ് ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. ഇന്ന് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ഇതിനായി ഹാജിമാർ രാവിലെ മുതൽ അറഫയിലേക്ക് പുറപ്പെടും. മസ്ജിദുന്നമിറയിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60000 ഹാജിമാർ അറഫയിൽ സംഗമിക്കും.
3000 ബസുകളിലാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക. കൂടെ ആരോഗ്യ പ്രവർത്തകരും മതപ്രബോധകരും ഇവർക്കെല്ലാം കാവലായി സുരക്ഷാ സേനയുമുണ്ടാകും. അറഫാ സംഗമത്തിലെത്താത്തവർക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കില്ല. ഇതിനാൽ ഓരോരുത്തരേയും കൃത്യസമയത്തെത്തിക്കാൻ ബസുകൾക്ക് സമയക്രമീകരണം നൽകിയിട്ടുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രഭാഷണം അനുസ്മരിച്ച്, മക്ക ഹറം പള്ളിയിലെ ഇമാമും ഖത്തീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലില്ല അറഫാ പ്രഭാഷണം നിർവഹിക്കും. അറഫയിലെ നമിറാ മസ്ജിദിൽ വെച്ചാണ് പ്രഭാഷണം നിർവഹിക്കുക, കുറഞ്ഞ ഹാജിമാരെ മാത്രമാകും പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുക. പത്തു ഭാഷകളിലേക്ക് പ്രഭാഷണം തൽസമയം വിവർത്തനം ചെയ്യും. പിന്നാലെ ളുഹ്ർ, അസർ നമസ്കാരങ്ങൾ ഒന്നിച്ചു നിർവഹിക്കും.
അതേസമയം, പൊടിക്കാറ്റിനും മഴക്കുമുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ വിവിധ വകുപ്പുകൾ നടത്തിക്കഴിഞ്ഞു. അറഫാ പ്രഭാഷണത്തിനു ശേഷം ഹാജിമാർ നാളെ സൂര്യാസ്തമയം വരെ അറഫയിൽ കഴിച്ചു കൂട്ടും. ആയിരത്തോളം മലയാളി ഹാജിമാരും ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്. സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് രാപ്പാർക്കാനായി മടങ്ങും.