തിരുവനന്തപുരം: കര്‍മ്മോത്സുകവും സമര്‍പ്പിതവുമായ ജീവിതത്തിലൂടെ ആയുര്‍വേദത്തിന്റെ പെരുമ ലോകത്തോളം വളര്‍ത്തിയ വൈദ്യ ശ്രേഷ്ഠനാണ് ഡോക്ടര്‍ പി കെ വാര്യര്‍ എന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. പാരമ്പര്യവിധികളില് നിന്നും അണുകിട വ്യതിചലിക്കാതെ തന്നെ ശാസ്ത്രസാങ്കേതിക വിദ്യകളെ കൂടി ക്രിയാത്മകമായി കണ്ണിചേര്‍ത്തുകൊണ്ട് ആയുര്‍വേദത്തിന് ആഗോളതലത്തില്‍ സ്വീകാര്യത നേടുന്നതിന് പ്രയത്നിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
പ്രകൃതിയെ അറിവിന്റെ ഉറവിടമാക്കുകയും വേദനിക്കുന്നവര്‍ക്കുള്ള സ്വാന്തന സാന്നിധ്യമായി സ്വയം മാറുകയും ചെയ്ത ഡോ. പി കെ വാര്യര്‍ ചികിത്സയെ കച്ചവടമായി കാണാന്‍ ഒരുക്കമല്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ആയി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച അദ്ദേഹം സ്ഥാപനത്തെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തി. ആയുര്‍വേദത്തെ ലോകശ്രദ്ധയിലേക്ക് നയിക്കുന്നതോടൊപ്പം നിരവധി വിദേശ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാ രീതികള്‍ക്ക് വലിയ പങ്കുണ്ട്.
വൈദ്യരത്നം പി എസ് വാരിയര്‍ തുടങ്ങിവച്ച ആര്യവൈദ്യശാലയിലൂടെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തെ ആഗോള പ്രശസ്തമാക്കുന്നതില് പി കെ വാര്യര്‍ എന്ന ആയുര്‍വേദാചാര്യന്റെ പ്രയത്നം വിലമതിക്കാനാവാത്തതാണ്. സമൂഹത്തില്‍ മതനിരപേക്ഷ മാനവികതയുടെ പാദമുദ്രകള്‍ പതിപ്പിച്ചതാണ് ആ മഹാവൈദ്യന് കടന്നുപോകുന്നത്. ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളിലൂടെ വൈദ്യത്തിന്റെ മര്‍മ്മമറിഞ്ഞ ആ ‘സ്മൃതി പര്‍വം’ വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് സ്നേഹം വൈദ്യശാസ്ത്രത്തില്‍ ചാലിച്ചു നല്കിയ അതുല്യ പ്രതിഭയെയാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെയും ബദ്ധുക്കളെയും വൈദ്യശാലയെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖം അറിയിക്കുന്നതായും മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.