തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ലക്ഷദ്വീപിലും കേരള തീരത്തും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
അതേ സമയം കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,എറണാകുളം,ഇടുക്കി,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് ജാഗ്രത നിർദേശം. നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.