ലക്‌നോ: ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന ക്രൂരത പുറത്ത്. 12 വയസുള്ള കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ശേഷം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. അമേത്തിയിലെ ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഇക്കാര്യം ജമോ സ്റ്റേഷനിൽ പോലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ വിവര പ്രകാരം വ്യാഴാഴ്ച വൈകീട്ട് ആടിനെ നോക്കാൻ സമീപ പ്രദേശത്ത് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതേതുടർന്ന് ജമോ സ്റ്റേഷനിൽ ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
“എന്റെ മകളെ ആരോ കൊന്ന് കെട്ടിത്തൂക്കിയതാണ്. അവളുടെ ശരീരം മുഴുവൻ മുറിവേറ്റ പാടുകളാണ്. അവളുടെ രഹസ്യഭാഗങ്ങളിലും മുറിവേറ്റ് രക്തം വരുന്നുണ്ട്. അവളെ ആരോ ബലാത്സംഗം ചെയ്തതാണ്.” – പെൺകുട്ടിയുടെ പിതാവ് പറഞ്ഞു
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ജമോ സ്റ്റേഷൻ എസ്.എച്ച്.ഓ അംഗദ് സിംഗ് അറിയിച്ചു. അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















