ന്യൂഡല്‍ഹി: ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചു. അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ഇതുവരെ നൂറിനടുത്ത് മൃതദേഹങ്ങളാണ് ഗംഗ നദിയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് ഇരുസംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.
പുഴയിലേക്ക് ശവശരീരങ്ങള്‍ വലിച്ചെറിയുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശ്-ബിഹാര്‍ അതിര്‍ത്തിയിലെ ഒരു പാലത്തില്‍ വച്ച് ആംബുലന്‍സ് ഡ്രൈവര്‍ ശവശരീരങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഉത്തർപ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിട്ടതെന്നാണ് ബീഹാറിന്റെ ആരോപണം. എന്നാൽ ഗാസിപ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതിന്റെ ഉത്തരവാദിത്വം മാത്രമേ യുപി സർക്കാരിനുള്ളു എന്നും ബീഹാറിലെ വിഷയത്തിൽ അവിടുത്തെ സർക്കാർ അന്വേഷണം നടത്തണമെന്നും യുപി പൊലീസ് എഡിജി പ്രശാന്ത് കുമാർ പ്രതികരിച്ചു. സംഭവം വലിയ വിവാദമായതോടെ ഇരുസംസ്ഥാനങ്ങൾക്കുമെതിരെ കേന്ദ്രം രംഗത്തെത്തി.















