ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം 7.30 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 32.95 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് ലക്ഷം പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.95 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ ഇന്നും നാല് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4092 പേര്‍ കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇന്നലെ 3,86,444 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,22,96,414 ആണ്. ഇതില്‍ 1,83,17,404 പേര്‍ രോഗമുക്തരായി.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി അന്‍പത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 4.21 ലക്ഷം പിന്നിട്ടു.
















