ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷ തള്ളിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പ്രചരിക്കുന്ന വിവരം അടിസ്ഥാനരഹിതമാണെന്നും വിഷയത്തിൽ അന്തിമ തീരുമാനമായില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
സുരക്ഷ ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്നും ആവശ്യമായ തെളിവുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി വാക്‌സിന്റെ അനുമതി നിഷേധിച്ചുവെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ഇതിന് പിന്നാലെയാണ് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രംഗത്ത് വന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ ഇന്ന് വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു. ഉപയോഗാനുമതി തേടി അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ സമിതി ഇന്ന് പരിഗണിച്ചതുമില്ല. അഞ്ച് മണിക്കൂറോളം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിററ്യൂട്ട് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞത്. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് തേടിയ കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്പനികള്‍ക്ക് മറുപടി നല്‍കാനായില്ല.