മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഏറ്റവും വലിയ ലഹരിമരുന്നു വേട്ട നടത്തിയ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അഞ്ച് കിലോ മലാനാ ക്രീം ആണ് മുംബൈയില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിനു പുറമേ 16 ലക്ഷം രൂപയും കണ്ടെത്തി.
മുംബൈയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗെൽ മഹാക്കലിനെ എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തു. സെപ്റ്റംബറില്‍ അറസ്റ്റിലായ അഞ്ജു കേശ്വാണിക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത് റിഗെലാണ്. റിഗെലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ റെയ്ഡുകള്‍ നടക്കുകയാണ്.
മുംബൈയിലെ മൂന്നിടങ്ങളിലാണ് ബുധനാഴ്ച എൻ.സി.ബി.യുടെ റെയ്‌ഡ് നടക്കുന്നത്. ഇതിൽ അസം ഷെയ്ഖ് ജുമാൻ എന്നയാളുടെ അന്ധേരിയിലെ താമസസ്ഥലത്തുനിന്നാണ് വൻതോതിൽ മലാന ക്രീമും(ഹാഷിഷ്) ലഹരിഗുളികകളും കഞ്ചാവും പിടിച്ചെടുത്തത്. മഹാക്കൽ ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയാണ് അസം ഷെയ്ഖ് ജുമാൻ. ഇരുവർക്കും പുറമേ മൂന്നാമതൊരാളെ കൂടി എൻ.സി.ബി. സംഘം പിടികൂടി ചോദ്യംചെയ്യുന്നുണ്ടെന്നാണ് വിവരം. ഇയാൾ ഉന്നതരുമായി ബന്ധമുള്ള ആളാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിഗെലിന് നടി റിയ ചക്രവര്‍ത്തിയുമായോ സഹോദരന്‍ ഷോവിക്കുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്നതില്‍ എന്‍സിബി വ്യക്തമാക്കിയിട്ടില്ല. റിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് വിശദീകരിക്കനാവില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായവരിൽനിന്നാണ് മുംബൈയിൽ വമ്പൻ ലഹരിമരുന്ന് സംഘങ്ങളിലേക്ക് എൻ.സി.ബി.യുടെ അന്വേഷണം നീണ്ടത്. സുശാന്തിന്റെ കേസിൽ നേരത്തെ അറസ്റ്റിലായ അനൂജ് കേശ്വാനിക്ക് ലഹരിമരുന്ന് നൽകിത് റീഗെൽ മഹാക്കലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേശ്വാനിയാണ് കൈസാൻ എന്നയാൾക്ക് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇയാൾ മുഖേനെയാണ് റിയ ചക്രവർത്തിയും സഹോദരൻ ഷോവിക് ചക്രവർത്തിയും സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയത്. കൈസാനെയും മറ്റുള്ളവരെയും എൻ.സി.ബി. സംഘം നേരത്തെ പിടികൂടിയിരുന്നു.
ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി പല ബോളിവുഡ് പ്രമുഖരേയും എന്‍സിബി ചോദ്യം ചെയ്തിരുന്നു.