ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍. സമരം കടുപ്പിക്കാനാണ് തീരുമാനം. കൂടുതല്‍ വിഷയങ്ങളില്‍ ഇന്ന് തീരുമാനമെടുക്കും.
അതേസമയം കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക. കോവിഡ് വ്യാപനം കണക്കിലെടുത്ത് അഞ്ചുപേര്‍ക്ക് മാത്രമേ രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കിയുള്ളൂ. 11 പാര്‍ട്ടികളാണ് അനുമതി തേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തന്നെ തകര്‍ക്കുമെന്നും പുതിയ നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റില്‍ പാസാക്കിയതെന്നും പ്രതിപക്ഷം രാഷ്ട്രപതിക്ക് മുന്നില്‍ വ്യക്തമാക്കും.