ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍.
‘ദേശീയ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നവര്‍ ഭാരത മാതാവിനെ അപമാനിക്കുന്നവരും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ്.’ അവര്‍ ദേശസ്‌നേഹികളല്ലെന്ന് കമല്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘പുരസ്‌കാരങ്ങള്‍ നേരത്തെയും തിരിച്ചുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെയാണ് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ അപമാനിച്ചതും വിഭജിച്ചവര്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്’-അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തന്നോട് ചോദ്യങ്ങള്‍ ചോദിക്കൂവെന്നും അവര്‍ക്കുള്ള ഉത്തരം താന്‍ നല്‍കാമെന്നും കമല്‍ പട്ടേല്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. അത് എങ്ങനെ സാധിക്കും? ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ആ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളടങ്ങിയ പാര്‍ലമെന്റാണ് ഈ നിയമം പാസാക്കിയത്, കമല്‍ പട്ടേല്‍ പറഞ്ഞു.
രണ്ടാഴ്ച പിന്നിടുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കായികതാരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും അവര്‍ക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങളടക്കം തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും എന്‍ഡിഎയുടെ മുന്‍ സഖ്യകക്ഷിയുമായ അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ അടക്കമുള്ളവര്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചിരുന്നു.