ന്യൂയോര്‍ക്ക്: കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ഐക്യ രാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ ദുജാറിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ പത്ത് ദിവസമായി തുടരുന്ന കാര്‍ഷിക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയോട് എനിക്ക് പറയാനുള്ളത് ഇതാണ്; ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അത്തരത്തില്‍ പ്രതിഷേധിക്കാന്‍ അധികാരികള്‍ അവരെ അനുവദിക്കുകയും വേണം,’ സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. വിദേശ നേതാക്കള്‍ കാര്‍ഷിക പ്രതിഷേധത്തില്‍ പിന്തുണയും പ്രതികരണവും അറിയിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് സ്റ്റീഫന്‍ ദുജാറികിന്‍റെ പരാമര്‍ശം.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അദ്ദേഹത്തിന്റെ കാബിനറ്റിലുള്ളവരും കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിച്ചതിനെതിരെ ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ കര്‍ഷകരെക്കുറിച്ച് കൃത്യമായി ധാരണയില്ലാതെ ചില പ്രതികരണങ്ങള്‍ വരുന്നത് കണ്ടു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനുചിതമാണ് എന്നായിരുന്നു അനുരാഗ് ശ്രീവാസ്തവ ട്രൂഡോയുടെ ഇടപെടലിനു പിന്നാലെ പറഞ്ഞത്.
കൂടാതെ, കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സര്‍ക്കാര്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന താക്കീതാണ് ഹൈക്കമ്മീഷണറെ അറിയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റിനും മുന്‍പില്‍ പലരും അതിതീവ്ര പ്രതിഷേധവുമായി രംഗത്തെത്തുന്നതിന് ഇടയാക്കിയെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം ലോകത്തെവിടെയാണെങ്കിലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടി കാനഡ നിലകൊള്ളും. ഇപ്പോള്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചത് കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് ട്രൂഡോ വീണ്ടും രംഗത്തെത്തിയിരുന്നു.
പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ സജീവമാണ്. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എംപി കമാല്‍ ഖേര പ്രതികരിച്ചിരുന്നു. നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.
കർഷക സമരത്തിന് പിന്തുണയുമായി ബ്രിട്ടണും മുന്നോട്ട് വന്നിട്ടുണ്ട്. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാർ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപ്പിന് കത്ത് നൽകി. പുതിയ കാർഷിക നിയമം കർഷകർക്കുള്ള മരണവാറണ്ട് ആണെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ലേബർ പാർട്ടി പ്രതിനിധിയും ഇന്ത്യൻ വംശജനുമായ തൻമൻജിത് സിംഗിൻ്റെ നേതൃത്വത്തിലാണ് എംപിമാർ കത്തെഴുതിയത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരെ ചൂഷണം ചെയ്യുന്ന നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിന് മേൽ ബ്രിട്ടൺ സമർദ്ദം ചെലുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
പത്ത് ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.