ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകളും ഓഡിയോ റെക്കോര്‍ഡിങ് ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ലോക്-അപുകളിലും ചോദ്യം ചെയ്യുന്ന മുറികളിലും ക്യാമറ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ട്. എന്‍.ഐ.എ, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ ഓഫിസിലും ക്യാമറ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയില്‍ കഴിയുന്ന കുറ്റാരോപിതര്‍ക്കു നേരെയുള്ള അതിക്രമം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
ജസ്റ്റിസ് ആര്‍.എഫ് നരിമാെന്റ അധ്യക്ഷതയിലുള്ള ബെഞ്ചിേന്റതാണ് നിര്‍ദേശം. പൊലീസ് സ്റ്റേഷനുകളിെല വാതിലുകള്‍, ലോക്ക് അപ്, വരാന്ത, ലോബി, റിസപ്ഷന്, എസ്.ഐയുടെ മുറി എന്നിവടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കണം. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21-ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.
പൊലീസ് സ്റ്റേഷനുകള്‍ കൂടാതെ നാര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് എന്നിവിടങ്ങളിലും ക്യാമറ സ്ഥാപിക്കണം. 18 മാസം വരെയുള്ള റെക്കോര്‍ഡിങ്ങുകള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തെളിവായി ഉപയോഗിക്കുന്നതിന് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസംവരെ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.