ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎ വിടുമെന്നമുന്നറിയിപ്പുമായി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാല്‍. കര്‍ഷകരുമായി എത്രയും വേഗം ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം. കര്‍ഷകരുടെ പ്രശ്നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരുന്നത് പുനരാലോചന നടത്തേണ്ടിവരുമെന്നും ഹനുമാന്‍ ബെനിവാല്‍ പറഞ്ഞു.
രാജസ്ഥാനില്‍ 10-15 ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയ ശക്തിയും കൃഷിഭൂമിയും സ്വന്തമായുള്ള ജാട്ട് വിഭാഗക്കാരുടെ പിന്തുണ ആര്‍എല്‍പിക്ക് നിര്‍ണായകമാണ്. രാജസ്ഥാനിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താന്‍ കാര്‍ഷകരെ പിന്തുണച്ച് അവര്‍ രംഗത്തെത്തിയിട്ടുള്ളത്.
ഹരിയാണയിലെ ബിജെപി സര്‍ക്കാരിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകളും പോലീസും കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ ആര്‍എല്‍പിക്ക് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുമെന്ന് ബനിവാള്‍ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലടക്കം കര്‍ഷക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു.