ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,975 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 480 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,34,218 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 91.77 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 86,04,955 പേര്‍ക്ക് രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.75 ശതമാനമാണ്.
കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് 50,000ല്‍ താഴെ മാത്രമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസ് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 50 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹിയിലാണ് ഏറ്റവുമധികം പ്രതിദിന മരണനിരക്ക് രേഖപ്പെടുത്തുന്നത്. 121 പേര്‍ ഇവിടെ രോഗം ബാധിച്ച് മരിച്ചു.
അതേസമയം, കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും.