ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നിലവില്‍ ലോക്ക് ഡൗണിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു- ഹിന്ദുസ്ഥാന്‍ ടൈംസ്.
ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.
അതേസമയം, വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 200 അതിഥികള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ നിലവില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.
ശൈത്യകാലം ആരംഭിച്ചതിനാല്‍ പല വിദേശ രാജ്യങ്ങള്‍ക്കും സമാനമായി ഡല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കണക്കാക്കുന്നത്.