ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ശരാശരി എയര്‍ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 339 ആണ്. വ്യാഴാഴ്ച എക്യുഐ 314 ആയിരുന്നു. ഇത് ‘വളരെ മോശം’ എക്യുഐയിലാണ് ഉള്‍പ്പെടുന്നത്.
also readഡല്‍ഹിയില്‍ പടക്ക വില്പന – ഉപയോഗം നിരോധിച്ച് ഉത്തരവ്
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ആനന്ദ് വിഹാറില്‍ 424ഉം വിമാനത്താവളത്തില്‍ 328ഉം രേഖപ്പെടുത്തി. ഐടിഒ 400, ആര് കെ പുരം 354 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
നഗരം രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്. ‘വളരെ മോശം’ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ജനങ്ങളുടെ ആരോഗ്യത്തിനും മറ്റും അപകടമുണ്ടാക്കുന്നതാണ്.
സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.
വായുമലിനീകരണം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡല്‍ഹി സര്‍ക്കാര്‍ പുതിയൊരു ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഗ്രീന്‍ ഡല്‍ഹി എന്ന പേരിലുള്ള ഈ ആപ്പ് വഴി പൗരന്മാര്ക്ക് മലിനീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ കഴിയും. ആഗസ്റ്റില്‍ എയര്‍ക്വാളിറ്റി ഇന്‍ഡക്സ് വളരെ മെച്ചപ്പെട്ടതായിരുന്നു. രണ്ട് മാസംകൊണ്ടാണ് സ്ഥിതി മോശമായത്.
ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നഗരത്തെ ഗുരുതമായി ബാധിക്കുന്നുണ്ട്. ശൈത്യകാലമായതിനാല്‍ ഈ പുക അന്തരീക്ഷത്തില്‍ തങ്ങിനിന്ന് മഞ്ഞുമായി കൂടിക്കലരുന്നതാണ് മലിനീകരണം രൂക്ഷമാക്കുന്നത്. ഇത് മുന്‍കൂട്ടിക്കണ്ട് പടക്കം പൊട്ടിക്കുന്നതിനും വൈക്കോല്‍ കത്തിക്കുന്നതിനും ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.