മുംബൈ: ബോളിവുഡിലെ ലഹരിമരുന്നുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വസതികളില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറൊ (എന്‍സിബി) തിരച്ചില്‍ നടത്തി. അര്‍ജുന്റെ ഗേള്‍ഫ്രണ്ടും സൗത്ത് ആഫ്രിക്കക്കാരിയുമായ ഗബ്രിയേല ദെമിത്രിയേദ്‌സിന്റെ സഹോദരന്‍ അഗിസിലാവോസിന്റെ അറസ്‌റ്റിനെത്തുടര്‍ന്നാണിത്. അന്ധേരി,ബാന്ദ്ര, ഖാര്‍ എന്നിവിടങ്ങളിലെ വസതികളിലായിരുന്നു റെയ്‌ഡ്.
അഗിസിലാവോസിന് രാജ്യാന്തര ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ് എന്‍സിബിക്കു കിട്ടിയ വിവരം. നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് ലഹരിമരുന്നു കേസുകളുടെ കുരുക്കിലായത്. നേരത്തേ നടി ദീപിക പാദുകോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്‌തിരുന്നു.
മയക്കുമരുന്ന് കേസില്‍ നിര്‍മാതാവ് ഫിറോസ് നദിയാ വാലയുടെ ഭാര്യ ഷബാനയെ എന്‍സിബി കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.
നേരത്തേ 717.1ഗ്രാം കഞ്ചാവ്, 74.1 ഗ്രാം ചരസ്, 95.1 ഗ്രാം മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്‌റ്റമൈന്‍ എന്നിവ കണ്ടെടുക്കുകയും നാലു പേരെ അറസ്റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ടാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.