ബെര്‍ലിന്‍: യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യയെ ജര്‍മനിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ഇന്ത്യന്‍ പ്രവാസി സംഘടനകള്‍. സ്റ്റാര്‍ട്ട് അപ്പ് കോണ്‍ഫറന്‍സില്‍ സംസാരിക്കാനായി ജര്‍മനിയിലെ ഹാംബര്‍ഗില്‍ തേജസ്വി എത്താനിരിക്കവേയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് പ്രവാസി സംഘടനകളുടെ ആവശ്യം- ദി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട്.
ബിജെപി എം.പി പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ ജര്‍മ്മനിയില്‍ വിഭജനം നടക്കുമെന്നല്ലാതെ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറണ്‍സ് കൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും ഇന്ത്യന്‍ സംഘടനകള്‍ പറഞ്ഞു. ഹിന്ദുക്കളല്ലാത്ത വിഭാഗത്തോടെ വിദ്വേഷ മനോഭാവം വച്ച് പുലര്‍ത്തുന്ന നേതാവാണ് തേജസ്വി സൂര്യ. യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ തുല്യത ഇല്ലാതാക്കാന്‍ തേജസ്വിയുടെ പ്രസംഗം കാരണമാകുമെന്നും കോണ്‍സുല്‍ ജനറലിന് അയച്ച കത്തില്‍ സംഘടനകള്‍ വ്യക്തമാക്കി.
ഗ്ലോബല്‍ സിഖ് കൗണ്‍സില്‍, ഇന്‍റര്‍നാഷനല്‍ ദലിത് സോളിഡാരിറ്റി നെറ്റ്വര്‍ക്ക്,ഇന്ത്യ സോളിഡാരിറ്റി ജര്‍മനി, ദി ഹ്യൂമനിസം പ്രൊജക്ട്, സോളിഡാരിറ്റി ബെല്‍ജിയം, ഭാരത് ഡെമോക്രസി വാച്ച്, ഇന്ത്യന്‍ അലയന്‍സ് പാരിസ്, ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നീ സംഘടനകള്‍ കോണ്‍സുലേറ്റിന് അയച്ച കത്തില്‍ ഒപ്പുവെച്ചു.
തേജസ്വി യാദവിന്റെ വിവാദവും വര്‍ഗീയവുമായി ട്വീറ്റുകള്‍ കത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
വംശീയതയും മതവിദ്വേഷവും പരത്തുന്ന ട്വീറ്റുകളിലൂടെ കുപ്രസിദ്ധനാണ് തേജസ്വി. അറബ് സ്ത്രീകളെക്കുറിച്ച് ലൈംഗിക അധിക്ഷേപം നടത്തിയുള്ള തേജസ്വിയുടെ ട്വീറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ബംഗളൂരു ഭീകരവാദികളുടെ കേന്ദ്രമാണെന്ന തേജസ്വിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.