ന്യൂഡെല്‍ഹി: ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഇരുനേതാക്കളും അനുയായികളും ദില്ലിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജന്തര്‍ മന്തറില്‍ തടിച്ചു കൂടിയത്. സൂര്യാസ്തമയത്തിന് ശേഷം മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധക്കാര്‍ കൂട്ടായ്മയില്‍ പങ്കെടുത്തത്.
‘ഏറ്റവും ദു:ഖത്തോടെയാണ് ഞങ്ങളിവിടെ കൂടിയിരിക്കുന്നത്. ഞങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഇതുപോലെയുള്ള കുറ്റകൃത്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവര്‍ക്ക് നല്‍കണമെന്നും’ കെജ്‌രിവാള്‍ പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഹത്രാസ് സന്ദര്‍ശിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
അധികാരത്തില്‍ തുടരാനുള്ള അവകാശം യുപി സര്‍ക്കാരിനില്ലെന്നും നീതി ലഭ്യമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഐ എം നേതാവ് സീതാറാം യെച്ചൂരി അറിയിച്ചു. ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു ദിവസമാണ് പ്രതിഷേധത്തനായി തെരഞ്ഞെടുത്തത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ മഹാത്മ ഗാന്ധിജിയുടെ ജന്മദിനമായിരുന്നു ഒക്ടോബര്‍ 2 വെള്ളിയാഴ്ച.