ലഖ്‌നൗ: ഹാഥ്‌റസ് പീഡനത്തില്‍ വിമര്‍ശനം നേരിടുന്നതിനിടെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘യുപിയിലെ അമ്മമാരെയും പെണ്‍കുട്ടികളെയും ദ്രോഹിക്കുമെന്ന് ചിന്തിക്കുന്നവരുടെ വരെ നാശം ഉറപ്പാണ്. അവര്‍ക്കെതിരെ ഭാവിയില്‍ ഒരു മാതൃഷയാകുന്ന വിധമുള്ള ശിക്ഷ തന്നെ നല്‍കും. എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കും വികസനത്തിനും യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധതയും വാഗ്ദാനവും..’ യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
ഹത്രാസ് പെണ്‍കുട്ടിക്കും കുടുംബത്തിനും അധികൃതരില്‍ നിന്നും യു.പി പൊലീസില്‍ നിന്നും നീതി നിഷേധം നേരിടേണ്ടി വന്നതും അതിനെതിരെ രാജ്യമാകമാനം വിമര്‍ശനം ഉയര്‍ന്നതുമായ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. നാക്ക് മുറിച്ച് മാറ്റിയ നിലയില്‍ ഗുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയര്‍ന്ന് വന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി.