കൊച്ചി: സിനിമ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ് പ്രശ്നം തീര്‍പ്പായത്.
പ്രതിഫലത്തിനു പകരം സിനിമ റിലീസായ ശേഷം നിര്‍മാതാവുമായി ലാഭം പങ്കിടാമെന്ന് ടൊവിനോ തോമസും, പ്രതിഫലം 50 ല്‍നിന്ന് 30 ലക്ഷമായി കുറക്കാമെന്ന് ജോജു ജോര്‍ജും സമ്മതിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.
താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേരേത്ത സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് നല്‍കിയിരുന്നു.
കോവിഡ് മൂലം സിനിമ നിര്‍ത്തിവെക്കുന്നതിന് മുമ്ബ് ചെയ്ത ചിത്രങ്ങളിലെ വേതനം സംബന്ധിച്ച കരാറില്‍നിന്ന് 30 മുതല്‍ 50 ശതമാനം വരെ കുറവ് വേണമെന്നായിരുന്നു ആവശ്യം. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ഫെഫ്കയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ളവര്‍ ഗണ്യമായി കുറച്ചെങ്കിലും ടൊവിനോ തോമസും ജോജു ജോര്‍ജും കോവിഡിനു മുമ്ബ് വാങ്ങിയതിനെക്കാള്‍ പ്രതിഫലം ഉയര്‍ത്തിയതായി നിര്‍മാതാക്കള്‍ പറയുന്നു. ഇതോടെ ഇവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു.