കോവിഡുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള കുട്ടികളില്‍ ഒരു പുതിയ അസുഖം കണ്ടു വരുന്നതായി ആരോഗ്യ വിദഗ്ദര്‍. പീഡിയാട്രിക് ഇന്‍ഫ്‌ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം(പിഐഎംഎസ്-ടിഎസ്) എന്നാണ് കോവിഡ് ബാധിച്ച കുട്ടികളില്‍ കണ്ടെത്തിയ ഈ പുതിയ അസുഖത്തിന്റെ പേര്.
ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്ന ഈ രോഗം ശരീരത്തില്‍ നീര്‍ക്കെട്ടും ചിലപ്പോള്‍ ഹൃദ്രോഗവും വരെ ഉണ്ടാകാമെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നു. ഇത് ബാധിച്ച കുട്ടികള്‍ക്ക് വയറു വേദന, ഛര്‍ദ്ദി, അതിസാരം, കഴുത്തു വേദന, തിണര്‍പ്പ്, കണ്ണില്‍ ചുവപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു വരാറുണ്ട്.
കാവസാക്കി രോഗവുമായി ഇതിന് സാമ്യമുണ്ടെങ്കിലും ഈ രോഗം വ്യത്യസ്തമാണെന്ന് എയിംസിലെ പീഡിയാട്രിക് ഗാസ്‌ട്രോഎന്‍ട്രോളജി മുന്‍ പ്രഫസര്‍ ഡോ. എന്‍. കെ. അറോറ അഭിപ്രായപ്പെട്ടു.
കുട്ടികള്‍ കോവിഡ് രോഗമുക്തി നേടിയ ശേഷമാണ് പിഐഎംഎസ്-ടിഎസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ഈ രോഗം ബാധിച്ച കുട്ടികളില്‍ ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നു. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനിയെയും ഇത് ബാധിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ പുതിയ രോഗവും കൊറോണ വൈറസുമായുള്ള ബന്ധം ഇനിയും തെളിയിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല.