മുംബൈ: സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍മാനായി അജയ് ത്യാഗി തുടരും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. 18 മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇതോടെ 2017 മാര്‍ച്ചില്‍ തുടങ്ങിയ മൂന്ന് വര്‍ഷത്തേക്കുള്ള നിയമനം രണ്ട് വര്‍ഷത്തേക്ക് കൂടി നീളും.
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ധനകാര്യ രംഗം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ സെബിയുടെ ചെയര്‍മാന്‍ പദവിയില്‍ സ്ഥാനമാറ്റം വരുത്തി, തീരുമാനങ്ങളില്‍ കാലതാമസം വരുത്താന്‍ താത്പര്യപ്പെടുന്നില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ത്യാഗി. ഇതോടെ സെബിയുടെ 2022 ഫെബ്രുവരി 28 വരെ അദ്ദേഹത്തിന് സെബി ചെയര്‍മാനായി തുടരാം.
കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നത്. അജയ് ത്യാഗിയുടെ പ്രവര്‍ത്തനം വളരെ മികച്ചതായാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
















