ന്യൂഡൽഹി: കോവിഡിനെതിരെ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുമതി നൽകി. ആരോഗ്യമുള്ള, സന്നദ്ധരായ ആളുകളിൽ തിങ്കളാഴ്ച മുതൽ കോവാക്സിൻ മരുന്നിന്റെ പരീക്ഷണം നടത്താൻ ആശുപത്രി ഒരുങ്ങുകയാണ്.
ആദ്യ ഘട്ടത്തിൽ 375പേരിലാണ് പരീക്ഷണം നടത്തുക. കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും.
നിലവിൽ പരീക്ഷണത്തിനായി എയിംസിലുള്ളവരും കുറച്ച് സന്നദ്ധ പ്രവർത്തകരും തയ്യാറായിട്ടുണ്ട്. 18 നും 55 വയസിനും ഇടയിലുള്ള കോവിഡ് രോഗമില്ലാത്തവരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. പരീക്ഷണത്തിൽ പെങ്കടുക്കാൻ താൽപ്പര്യമുള്ളവർക്ക് Ctaiims.covid19@gmail.com എന്ന വിലാസത്തിൽ ഇൗ മെയിൽ ചെയ്യുകയൊ 7428847499 എന്ന നമ്പരിൽ വിളിക്കുകയൊ ചെയ്യാമെന്ന് എയിംസ് പ്രഫസറായ സഞ്ചയ് റായ് പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എൻഐവി) സഹകരിച്ച് കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നൽകിയിരുന്നു.